സഹജവും സമഗ്രവുമായ മൂല്യനിര്ണ്ണയം
നിരന്തരമായ സ്വയംവിലയിരുത്തലും തിരുത്തലും
നവീകരണവുമാണ് ജീവിതം. ഓരോ വ്യക്തിയുടെയും
ജീവിതത്തില്‍ വളരെ സ്വാഭാവികമായി തിരിച്ചറിവിന്റെ
ഘട്ടം മുതല്‍ സഹജമായി നടക്കുന്ന
പ്രക്രിയയാണിത്. അതാകട്ടെ
ആജീവനാന്തം നിലനില്ക്കുന്നതുമാണ്. മണ്ണപ്പം
ചുട്ടുകളിക്കുന്ന കുട്ടി മുതല്‍ പ്രപഞ്ചരഹസ്യങ്ങളുടെ
ചുരുള്‍ നിവര്‍ത്താന്‍ യത്നിക്കുന്ന ഗവേഷകനില്‍ വരെ
അത് വ്യത്യസ്ത രൂപഭാവങ്ങളില്‍
നിലനില്ക്കുന്നു. കറിയുടെ
സ്വാദു നോക്കുന്ന, ചോറിന്റെ വേവു
നോക്കുന്ന വീട്ടമ്മയും വിത്തു വിതച്ചതുമുതല് വിളവു
കൊയ്യുന്നതുവരെ കൃഷിയിടത്തെ നിരന്തരം നിരീക്ഷിക്കുന്ന കര്ഷകനും മുമ്പില്‍ ഗ്ലാസ്സില്‍
നിരത്തിവെച്ചിരിക്കുന്ന ചായ രുചിച്ചു
നോക്കി ചായപ്പൊടിയുടെ മൂപ്പും രുചിയും നിര്ണ്ണയിക്കുന്ന ടീ ടേസ്റ്ററും
ഉല്പാദനത്തിന്റെ ഓരോ ഘട്ടത്തിലും
ഗുണമേന്മ ഉറപ്പുവരുത്താന്‍ നിരന്തരം ജാഗ്രത പുലര്ത്തുന്ന വിവിധ വ്യവസായശാലകളിലെ
കെമിസ്റ്റുകളും ടെക്നീഷ്യന്മാരും ചെയ്യുന്നത്
ഒരേ കാര്യം തന്നെ. നിരന്തര
വിലയിരുത്തലും മെച്ചപ്പെടുത്തലും, ജീവിതത്തില്‍ കണ്ണാടിക്കു മുമ്പില്‍ ചെലവഴിക്കുന്ന ഓരോ
നിമിഷവും വിലയിരുത്തലിന്റെ കൂടി നിമിഷങ്ങളാണ്.
ജീവിതത്തിന്റെ സമസ്ത മേഖലയിലും നിരന്തരം
നടക്കുകയും നിലനില്ക്കുകയും ചെയ്യുന്ന
ഈ പ്രക്രിയ വിദ്യാഭ്യാസത്തിലേക്ക്
വരുമ്പോള്‍ മാത്രം അത് അസംബന്ധനാടകമായി
മാറുന്നതെന്തുകൊണ്ടാണ്? കുട്ടിയുടെ
പഠനപ്രക്രിയയില്‍ നിരന്തരമായി ഇടപെട്ട് അതിനെ വിലയിരുത്തി
മെച്ചപ്പെടുത്തി അത് സ്വാഭാവികമായി
രേഖപ്പെടുത്തി ആ രേഖപ്പെടുത്തലുകള്‍
സത്യസന്ധമായും വിശ്വസനീയമായും സ്വാഭാവികതയോടെ രക്ഷിതാവുമായി പങ്കുവെച്ച് അവരെക്കൂടി കുട്ടിയുടെ പഠനപ്രക്രിയകളില്‍
പങ്കാളിയാക്കുന്നതിനു പകരം നിരന്തരവിലയിരുത്തലിനെ വഴിപാടാക്കി,
ഇടയ്ക്കാല വിലയിരുത്തലുകള്ക്ക് അമിതപ്രാധാന്യം നല്കി, രേഖപ്പെടുത്തലും
രക്ഷിതാവുമായുള്ള പങ്കുവെക്കലും സങ്കീര്ണ്ണമാക്കി, വിദ്യാലയങ്ങളിലെ
മൂല്യനിര്‍ണ്ണയരീതികള്‍ സമൂഹത്തിന്റെ പൊതുബോധം ആശങ്കയോടൊപ്പം അവിശ്വാസത്തോടെയും
നോക്കിക്കാണുന്ന സ്ഥിതിയിലാക്കിയത് ആരാണ്?
വിദ്യാഭ്യാസ മേഖലയെ ഒഴിച്ചുനിര്ത്തി
മറ്റു മണ്ഡലങ്ങളില്‍ നിരന്തര വിലയിരുത്തലിനുപകരം ഒന്നോ
രണ്ടോ ഘട്ടങ്ങളിലുള്ള മൂല്യനിര്ണ്ണയമാണ് നടക്കുന്നത്
എങ്കില്‍ എങ്ങനെയുണ്ടാകും? ചോറ് വെന്തു ചീയാം,
വെള്ളം വറ്റി അടിയില്‍ പിടിക്കാം,
വിത്ത് വിതച്ച കര്ഷകന്
വിള കൊയ്യാനുണ്ടാകില്ല. കീടമോ
രോഗമോ കൃഷി നശിപ്പിക്കാം, ഉല്പന്നങ്ങള്ക്ക് ഗുണമേന്മ ഉണ്ടാകില്ല.
മറ്റു മേഖലകളിലെന്നപോലെ വിദ്യാഭ്യാസത്തിലും അപ്പോള്‍ നടക്കേണ്ടത്, പ്രാധാന്യം
കൊടുക്കേണ്ടത്, കണ്ടിന്യുവസ് ഇവാല്യുവേഷനാണ് ടേര്മിനല്‍ ഇവാല്യുവേഷന്‍
അല്ല.
ചിത്രവും ശില്പവും രൂപപ്പെടുന്നത്
ഒരു നിമിഷത്തിന്റെ നിശ്ചലതയില്‍
നിന്നാണ്. പഠനം
പോലെ നൈരന്തര്യം ഉള്ള
ജൈവികമായ ഒന്നിനെ ഇടയ്ക്കാലങ്ങളുടെ (ടേര്മിനല്‍) നിശ്ചലതയില്‍ തളച്ച്
അതിനെ കുട്ടിയുടെ വളര്ച്ചയുടെ
തെളിവായി കുട്ടി നേടിയ ശേഷിയുടെ
അളവുകോലായി എടുത്ത് രേഖപ്പെടുത്തി പരസ്യഫലകമാക്കുന്ന
പ്രവണത ശുദ്ധ അസംബന്ധമാണ്. പൊതുപരീക്ഷകളെ
ഈ അര്‍ത്ഥത്തില്‍
വിലയിരുത്തുമ്പോഴാണ് അവയുടെ അയുക്തികത വെളിപ്പെടുക. ആയിരം
മണിക്കൂര്‍ നീണ്ട പഠനപ്രക്രിയ യിലൂടെ
കുട്ടി ആര്ജ്ജിച്ച
നൈപുണികളും ശേഷികളും ഏതാനും മണിക്കൂറിലേക്ക്
നിശ്ചലമാക്കി രേഖപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിലേക്കും സമൂഹത്തിലേക്കും
ഇറക്കി വിടുന്ന രീതി പുന:പരിശോധിക്കേണ്ടതുണ്ട്. പല
ക്ലാസ്സുകളിലേയും വാര്ഷിക പരീക്ഷകള്‍
ഉപേക്ഷിച്ചും പത്താം ക്ലാസ്സില്‍ പൊതു
പരീക്ഷ തന്നെ ഉപേക്ഷിച്ചും സി.ബി.എസ്.ഇ., എന്‍.സി.ഇ.ആര്‍.ടി. സ്കൂളുകളില്‍ വരുത്തുന്ന പരിഷ്ക്കാരങ്ങളെ ഈയര്‍ത്ഥത്തില്‍
സ്വാഗതം ചെയ്യേണ്ടതാണ്. ആരോഗ്യപരമായ
കാരണങ്ങളും ഉറ്റവരുടെ മരണം പോലുള്ള
വൈകാരികമായ ആഘാതങ്ങളും പരീക്ഷാ കാലയളവില്‍
അനുഭവിക്കുന്ന കുട്ടിയുടെ പരീക്ഷയിലെ മോശം
പ്രകടനം അവന്റെ പഠനനേട്ടമായി വിലയിരുത്തപ്പെടുന്ന
മൂല്യനിര്ണ്ണയ രീതിയില്‍ മാറ്റം
അനിവാര്യമാണ്.
മൂന്നുമാസമോ അഞ്ചുമാസമോ നീണ്ടുനില്ക്കുന്ന
നിരന്തര വിലയിരുത്തല്‍ നിഗമനങ്ങളുടെ വസ്തുനിഷ്ഠമായ ക്രോഡീകരണമായി ടെര്‍മിനല്‍ ഇവാല്യുവേഷന്‍
മാറുമ്പോള്‍ അതിന്റെ ജഡത്വത്തെ / നിശ്ചലതയെ
മാറ്റി കൂടുതല്‍ ജൈവികവും/ചലനാത്മകവുമാക്കി
മാറ്റാം. അതിനേറെ
സഹായകമാവുക കുട്ടിയുടെ ഉല്പന്നങ്ങളുടെ അഥവാ
പോര്ട്ട് ഫോളിയോ
വിലയിരുത്തലാവും. ബുദ്ധിയുടെ
ബഹുമുഖതയുടെ സൈദ്ധാന്തികമായ അടിത്തറയില്‍ രൂപപ്പെടുത്തിയതാണ് പുതിയ പാഠ്യപദ്ധതി എന്നു
പറയുമ്പോഴും നമ്മുടെ മൂല്യനിര്ണ്ണയരീതി
ബുദ്ധിയുടെ ബഹുമുഖതയെ (മള്‍ട്ടിപ്പിള്‍
ഇന്റലിജന്‍സ്) എത്രമാത്രം
ഉള്ക്കൊള്ളുന്നു? ഭാഷാപരമായ
ബുദ്ധി, ദൃശ്യസ്ഥലപര ബുദ്ധി, പ്രകൃതിപരമായ ബുദ്ധി
എന്നീ ഘടകങ്ങള്ക്ക് മേധാവിത്വം
ഉള്ള, ഈ ഘടകങ്ങള്‍
കൂടുതല്‍ സജീവമായ (ആക്ടീവ്) വിദ്യാര്ത്ഥികള്ക്കു മാത്രം
അക്കാദമിക നേട്ടം ഉണ്ടാക്കാന്‍ സഹായകമായ
പാര്ശ്വവല്ക്കരിക്കപ്പെട്ടതാണ്
നമ്മുടെ മൂല്യനിര്ണ്ണയരീതി. ശാരീരികചലനപരമായ ബുദ്ധിയും, വ്യക്ത്യാന്തര ബുദ്ധിയും,
സംഗീതപര ബുദ്ധിയും മറ്റു ഘടകങ്ങള്‍
പോലെ തുല്യമോ ഉപരിയോ
പ്രധാനപ്പെട്ടതാണെന്നിരിക്കെ അവയെ അവഗണിക്കുന്നത് അത്തരം
ബുദ്ധിഘടകങ്ങള് സജീവമായ കുട്ടിയോടുള്ള അവഗണന
എന്നതിനേക്കാള്‍ കുറ്റകരമായ അനാസ്ഥയാണ്. ഇതു മറികടക്കണമെങ്കില്‍
പോര്ട്ട് ഫോളിയോ
വിലയിരുത്തലിനോടൊപ്പം വ്യക്തിത്വ സവിശേഷതകള് കൂടി
പരിഗണിച്ചുകൊണ്ടുള്ള നിരന്തര വിലയിരുത്തല്‍ രീതി
വികസിപ്പിച്ച് മൂല്യനിര്ണ്ണയം സമഗ്രമാക്കേണ്ടതുണ്ട്. കോംപ്രിഹെന്സീവ് & കണ്ടിന്യുവസ് ഇവാല്യുവേഷന്‍
(സി.സി.ഇ.)
എന്നെഴുതി വെക്കുന്നതുകൊണ്ട് മാത്രം മൂല്യനിര്ണ്ണയം
സമഗ്രമാവില്ല.
മുതലിയാര്‍ കമ്മീഷന് പാഠ്യപദ്ധതിക്ക്
കൊടുത്ത നിര്വ്വചനം ക്ലാസ്സ്
മുറിക്കകത്തും പുറത്തുമായി കുട്ടിക്കു ലഭിക്കുന്ന അനുഭവങ്ങളെ
സമഗ്രമായി പരിഗണിച്ചുകൊണ്ടാണ്. അതിനെ ക്ലാസ്സ് മുറിക്കകത്തേക്കും
സിലബസ്സിലേക്കും ചുരുക്കുന്നതാണ് നിലവിലെ മൂല്യനിര്ണ്ണയ
രീതികള്‍. ക്ലാസ്സ്
മുറിക്കകത്തും പുറത്തുമായി കുട്ടി ഇടപെടുന്ന വിവിധ
സാഹചര്യങ്ങളില്‍ അവനെ സാകൂതം നിരീക്ഷിക്കുന്ന
അധ്യാപകനു മാത്രമേ കുട്ടിയുടെ വ്യക്തിത്വ
സവിശേഷതകള് തിരിച്ചറിയാനാകൂ. ഇതിനായി
അധ്യാപകന് ഉപാഖ്യാന രേഖ ( അനെക്ഡോട്ടല്‍ റെക്കോഡ്) തയ്യാറാക്കേണ്ടതുണ്ട്. ''ക്ലാസ്സിലും
പുറത്തും വെച്ച് കുട്ടികളുടെ വ്യവഹാര
വിശേഷങ്ങളെ വെളിപ്പെടുത്തുന്ന ചില സംഭവങ്ങളും
പെരുമാറ്റ രീതികളും അധ്യാപകന്റെ ശ്രദ്ധയില്‍
പെട്ടു എന്നു വരാം. ആ സംഭവവിവരങ്ങള്‍
ഓര്‍മ്മയില്‍നിന്നും
മാഞ്ഞുപോകാതെ അപ്പപ്പോള്‍ കുറിച്ചിടുന്ന രേഖയാണ് ഉപാഖ്യാനരേഖ''. (ഉദ്ദേശ്യാധിഷ്ഠിത
ബോധനം - ഡോ. കെ.
സോമന്‍)
നിരന്തരം വിലയിരുത്തുക എന്നതുപോലെത്തന്നെ
പ്രാധാന്യമാണ് വിലയിരുത്തലിലെ പ്രക്രിയകള്‍ സൂക്ഷ്മമാവുക എന്നതും. പഠനപ്രക്രിയയിലുടനീളം
ഓരോ കുട്ടിക്കും കൃത്യവും
വ്യക്തവുമായ ഫീഡ്ബാക്കുകള്‍ നിരന്തരമായി ലഭ്യമാകുന്നതിലൂടെയാണ് തിരുത്തലും നവീകരണവും നടന്ന്
അനുനിമിഷം വികസ്വരമാകുന്ന ഗുണമേന്മയുള്ള ക്ലാസ്സ് മുറികള്‍ യാഥാര്‍ത്ഥ്യമാവുക.
കുട്ടിയില്‍ അറിവിന്റെ നിര്മ്മാണം
നടക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകന് നടത്തുന്ന ഇടപെടലുകളാണ്
പഠനപ്രക്രിയ അഥവാ അധ്യാപനം. തന്റെ മുന്നിലിരിക്കുന്ന ഓരോ
കുട്ടിയും വ്യത്യസ്തനാണ് അഥവാ അവന്റെ ആര്ജ്ജിത അറിവുകള്‍ തമ്മില്‍
അന്തരമുണ്ടാകും. അതുകൊണ്ടുതന്നെ
ഒരറിവ് തുല്യ അളവില്‍ എല്ലാ
കുട്ടിയിലും നിര്മ്മിക്കപ്പെടുക എന്നത്
ഏറെക്കുറെ അസാധ്യം തന്നെയാണ്. പിയാഷെയുടെ പഠനസിദ്ധാന്തമനുസരിച്ച് നിലവിലുള്ള
അറിവിന്റെ നിര്മ്മിതികളെ അഥവാ
സ്കീമുകള്ക്കനുസൃതമായി
പുതിയ വിജ്ഞാനശകലങ്ങളെ സ്വീകരിക്കുകയും അത് സ്വാംശീകരിക്കുകയും
വഴി ആ നിര്മ്മിതി ഒന്നടങ്കം പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നതാണ് പഠനം. പഠനലക്ഷ്യമെന്ന
ഫിനിഷിംഗ് പോയന്റിലേക്ക് ഒരേ സമയത്ത്
എല്ലാവരെയും കടത്തി വിടാന്‍ കഴിയില്ല. പക്ഷ
അധ്യാപകന്റെ ഓരോ ഇടപെടലുകളും
ഓരോ കുട്ടിയെയും നിലവില്‍
കുട്ടി നില്ക്കുന്ന സ്ഥാനത്തുനിന്നും
പുതിയ ഉയരത്തിലെത്താന്‍ സഹായകമാകേണ്ടതുണ്ട്. അഥവാ
ഓരോ അധ്യാപനവും ക്ലാസ്സിലെ
മുഴുവന്‍ കുട്ടിയെയും അവന്റെ നിലവിലുള്ള അവസ്ഥയില്‍
നിന്ന് തൊട്ടടുത്ത തലത്തിലേക്ക് എത്തിക്കാന്‍
സഹായകമാവണം. പഠനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും
അധ്യാപകന് നല്കുന്ന
ഫീഡ് ബാക്കുകള്‍ അഥവാ
മടക്കധാരണകള് വഴിയാണ് ഇത് സാധ്യമാകുക. ഒരു
പ്രവര്ത്തനം അഥവാ ഉല്പന്നം
പൂര്ത്തിയായ ശേഷം
അത് വിലയിരുത്തിയിട്ടോ ഉല്പന്ന
രൂപീകരണത്തിന്റെ പ്രക്രിയകള്ക്കിടക്കോ ഫീഡ്ബാക്കുകള്‍ നല്‍കാവുന്നതാണ്. കുട്ടിയുടെ
പ്രതികരണങ്ങള്‍, പ്രകടനങ്ങള്‍, വായനകള്‍, അവതരണങ്ങള്‍, സ്വഭാവസവിശേഷതകള്‍,
നിര്‍മ്മിതികള്‍ എന്നിവയെ
സംബന്ധിച്ചെല്ലാം ഫീഡ്ബാക്കുകള്‍ നല്‍കേണ്ടതാണ്. തത്സമയം
വാചികമായോ ഉല്പന്നങ്ങളില് കുറിപ്പുകളായോ ഫീഡ്ബാക്ക് നല്കാം.
എപ്പോഴും അധ്യാപകന് തന്നെ നല്കണമെന്നുമില്ല. കുട്ടികള്ക്കും അവസരം നല്കാം. വ്യക്തിക്കും
ഗ്രൂപ്പിനും പരസ്പരം നല്കാം.
എന്താണ് പഠനലക്ഷ്യം. കുട്ടി
എത്തി നില്ക്കുന്ന തലം
എന്താണ്? കുട്ടി എത്തി നില്ക്കുന്ന തലത്തിന്റെ ശക്തി/പരിമിതി എന്താണ്? പരിമിതി
മറികടക്കാന്‍ അവന് എന്താണ് ശ്രദ്ധിക്കേണ്ടത്?
ഈ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം
ഫീഡ്ബാക്ക് നല്കേണ്ടത്.
ഓരോ കുട്ടിക്കും സ്വപ്രയത്നം കൊണ്ട്
എത്താന്‍ കഴിയുന്ന പഠനനേട്ടത്തിന്റെ ഒരു
തലമുണ്ട്. അവനേക്കാള്‍
നിപുണനായ വ്യക്തിയുടെ കൈത്താങ്ങിനാല്‍ എത്തിച്ചേരാന്‍ കഴിയുന്ന പഠനനേട്ടത്തിന്റെ ഉയര്ന്നതലവുമുണ്ട്. വൈഗോട്സ്കി
സ്കഫോള്ഡിംഗ്
എന്നു പറഞ്ഞ ഈ കൈത്താങ്ങ് ക്ലാസ്സ്
മുറിയില്‍ പ്രായോഗികമാകുന്നത് കുട്ടിക്ക് നല്കുന്ന
ഫീഡ്ബാക്കിലൂടെയാണ്. ഫീഡ്ബാക്കുകള്‍
കൈത്താങ്ങായി മാറണമെങ്കില്‍ അഥവാ കുട്ടിക്ക് മെച്ചപ്പെടലിന്
അവസരമൊരുക്കുന്നതാവണമെങ്കില്
അവ മുമ്പു പറഞ്ഞ
ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം. അതോടൊപ്പം
അവയ്ക്ക് കൃത്യതയും വ്യക്തതയും വേണം. ഇതെങ്ങനെ
സാധ്യമാകും?
ഭാഷാക്ലാസ്സില് കുട്ടികളുടെ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച കൈയെഴുത്തു
മാസികയെ സംബന്ധിച്ചാണ് ഫീഡ്ബാക്ക് നല്കേണ്ടത്
എന്നിരിക്കട്ടെ. മുഖചിത്രം, മാസികയുടെ പേര്,
ഇലസ്ട്രേഷന്‍, ലേഔട്ട്,
രചനാപരമായ മികവ്, ബൈന്റിംഗ്, കൈയെഴുത്ത്,
എഡിറ്റിംഗ് എന്നിവയാണല്ലോ കയ്യെഴുത്ത് മാസികയുടെ സവിശേഷതകള് അഥവാ പഠനലക്ഷ്യങ്ങള്‍.
ഗ്രൂപ്പിന്റെ ഉല്പന്നങ്ങളില് ഏതേതു ഘടകത്തില്‍ എന്തെല്ലാം
കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഇനിയും മെച്ചപ്പെടാന്‍ എന്നാണ്,
ഓരോ ഗ്രൂപ്പിനും അറിയേണ്ടത്.
ഒരു ഗ്രൂപ്പിന്റെ ഉല്പന്നത്തിന്റെ
കുറവുകള്‍ എടുത്തുകാണിച്ച് മെച്ചപ്പെടാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് അവരുടെ ആത്മവിശ്വാസത്തെ
ബാധിച്ചാലോ? കുറവുകള്‍
പരസ്യമായി ചൂണ്ടിക്കാണിക്കുന്നത് നല്ലതിനുവേണ്ടിയാണെങ്കിലും എല്ലാവരും ഇഷ്ടപ്പെടണമെന്നും ഇല്ലല്ലോ. ഇതെങ്ങനെ
മറികടക്കും? കൈയെഴുത്തുമാസികയുടെ
പരമാവധി സവിശേഷതകള് പരിഗണിച്ച് ഓരോ സവിശേഷതയ്ക്കും
ഉദാഹരിക്കാവുന്ന മികച്ച മാതൃകകള്‍ കണ്ടെത്തി
ക്ലാസ്സില്‍ പൊതുവായി അവതരിപ്പിച്ചാലോ?
ഓരോ കുട്ടിക്കും പരോക്ഷമായി താന്‍ എങ്ങനെ
മെച്ചപ്പെടണമെന്ന് സ്വയം ബോധ്യപ്പെടില്ലേ.
ആത്മവിശ്വാസത്തെ തകര്ക്കാത്ത കുറവുകള്‍
ഉറക്കെപ്പറയുന്ന അപമാനഭാരമില്ലാത്ത ഇത്തരം ഫീഡ്ബാക്ക് രീതി
സ്വീകരിക്കുന്നതല്ലേ ഉചിതം. ഓരോ
വിഷയത്തിനും അതാതിന്റെ സ്വഭാവമനുസരിച്ച് ഈ
രീതി പിന്തുടരാവുന്നതാണ്.
കഥയുടെ തലക്കെട്ട് നന്നായില്ല, തുടക്കം
മോശമായി, എന്നുപറയുന്നത് മെച്ചപ്പെടലിന് സഹായകമായ കൈത്താങ്ങാവുന്ന ഫീഡ്ബാക്കല്ല
പകരം മനോഹരമായ തലക്കെട്ട്
പൊതുവായി അവതരിപ്പിച്ച് അത് കഥയ്ക്ക്
എങ്ങനെ ഇണങ്ങുന്നുവെന്ന് വ്യക്തമാക്കുന്നിടത്തും മികച്ച തുടക്കമുള്ള കഥ
ഉദാഹരിച്ച് അത്തരം തുടക്കം കഥയ്ക്ക്
എങ്ങനെ മാറ്റുകൂട്ടുന്നു എന്ന് ബോധ്യപ്പെടുത്തുന്നിടത്തുമാണ് ഫീഡ്ബാക്കുകള്‍ കൈത്താങ്ങാവുക.
അമൂര്ത്തവും ആപേക്ഷികവുമായ സ്കോറുകള്ക്കും അക്ഷരഗ്രേഡുകള്ക്കുമൊപ്പം
അവയുടെ വ്യാഖ്യാനപരമായ ഗുണാത്മക വിലയിരുത്തല്‍ കൂടി
ഉണ്ടാകുന്നത് മൂല്യനിര്ണ്ണയഫലങ്ങളുടെ സമൂഹമായുള്ള
പങ്കുവെക്കലില്‍ ആശയവിനിമയം സുഗമമാക്കും. ഒരു വിഷയത്തില്‍
കുട്ടിക്ക് കിട്ടിയ സ്കോര്‍
അല്ലെങ്കില്‍ ഗ്രേഡ് അവന്റെ ആ
വിഷയത്തിലെ ആശയങ്ങളെ സംബന്ധിച്ച ഏതെങ്കിലും
മികവിനെ അല്ലെങ്കില്‍ പരിമിതിയെ വ്യക്തമായി വിനിമയം
ചെയ്യുന്നില്ലെന്ന പോരായ്മയെ മറികടക്കാന്‍ വിഷയശേഷികളുമായി
ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനം അഥവാ ഗുണാത്മക
പ്രസ്താവനകള്‍ അനിവാര്യമാണ്.
ബുദ്ധിയുടെ ബഹുമുഖതയെ ഉള്ക്കൊള്ളുന്നതാണ് നിലവിലെ പാഠ്യപദ്ധതി എന്നത്
അവകാശവാദം മാത്രമായി ചുരുങ്ങാതിരിക്കണമെങ്കില്‍ അയവുള്ളതാവുക (ഫ്ളെക്സിബിള്‍) എന്നത് അനിവാര്യമാണ്. ഒരു കുട്ടിക്ക്
അതല്ലെങ്കില്‍ അധ്യാപകന് അതുമല്ലെങ്കില്‍ രക്ഷിതാവിന്
കുട്ടിയുടെ താല്പര്യവും മികവുമുള്ള വിഷയങ്ങള്‍/മേഖലകള്‍
തിരിച്ചറിയാന്‍ എത്രകാലം വേണം? ഭരണഘടന
ദേശത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശം പതിനെട്ടുകാരന് നല്കുമ്പോള് സ്വന്തം മേഖല
തിരിച്ചറിഞ്ഞ് വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
പതിനാലുകാരന്/കാരിക്ക് നല്കിക്കൂെട?
പുതിയ വിദ്യാലയഘടനയില് ഒമ്പതാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം
ക്ലാസ്സുവരെ ഒരൊറ്റ യൂണിറ്റായി കണക്കാക്കുമ്പോള്‍
ഒമ്പതാം ക്ലാസ്സില്‍ വെച്ച് തനിക്ക് വേണ്ട
വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അതിന്റെ
ആഴങ്ങളിലേക്ക് വ്യാപരിക്കാനുള്ള സ്വാതന്ത്ര്യം നല്കേണ്ടതല്ലേ? സംഗീതമോ,
കായികമോ അതുപോലെ മറ്റേതെങ്കിലും വിഷയമോ
തന്റെ മേഖലയായി തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന കുട്ടിയുടെ ചുമലില്‍
വിവിധ വിഷയങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ വെക്കേണ്ടതുണ്ടോ? ശാസ്ത്ര,
ഗണിതശാസ്ത്ര,ഭാഷാ, സാമൂഹ്യശാസ്ത്ര ആശയങ്ങളുടെ
അടിസ്ഥാന ജ്ഞാനനിര്മ്മിതികള്ക്ക്
എട്ടു വര്‍ഷങ്ങള്‍
മതിയാകില്ലേ?
മുഹമ്മദ് ബഷീര്‍. കെ.കെ.
കെ.കെ.ടി.എം. ഗവ.
കോളേജ്
മുഹമ്മദ് മുസ്തഫ
ഡയറ്റ് പാലക്കാട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ