ഏകത, ദേശീയത, വിദ്യാഭ്യാസം
1. ആമുഖം
'മാവേലി നാടുവണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ'
എന്നത് പൊയ്‌പ്പോയ നല കാലത്തിന്റെ ഏകത്വത്തിന്റെ ഓര്‍മ്മയാണ്. ഭരണാധികാരി നീതിമാനാണെങ്കില്‍ പ്രജകള്‍ അഥവാ മാനുഷര്‍ ഒന്നായിരിക്കുക തന്നെ ചെയ്യുമെന്ന മഹത്തായ സന്ദേശമാണ് ഈ വരികള്‍ വിനിമയം ചെയ്യുന്നത്. അഥവാ ഏകത്വമെന്നത് നീതിയുടെ, തുല്യതയുടെ, ഉല്‍പന്നമാണെന്ന അടിസ്ഥാന തത്ത്വത്തെയാണ് ഇത് പ്രഖ്യാപിക്കുന്നത്. വൈവിധ്യങ്ങള്‍ക്കതീതമായി നമ്മള്‍ ഒന്നാണെന്ന ബോധം ഒരു ബോധമെന്നതിനേക്കാള്‍ ഒരു വികാരമാണ്. ഞാന്‍ ആരോടാണ് ഐക്യപ്പെടേണ്ടത്.എന്റെ നാടിനോടാണോ?ദേശത്തോടാണോ?രാഷ്ട്രത്തോടാണോ? അതോ ഈ പ്രപഞ്ചത്തോടും അതിലെ സര്‍വ്വചരാചരങ്ങളോടുമാണോ? ഏകതയെന്ന പരികല്പനയെ സാധ്യമാക്കാനുള്ള ഉപാധിയോ ഉപകരണമോ ആയി വര്‍ത്തിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയുമോ?കഴിയുമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെരീതിയും സ്വഭാവവും എന്തായിരിക്കും? ഇങ്ങനെ പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെയുള്ള ഏകതയെന്നത് ഒരു വിദ്യാഭ്യാസപ്രശ്‌നം മാത്രമല്ല ദാര്‍ശനികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മാനങ്ങളുള്ള ഒന്നാണെന്ന് വ്യക്തമാവും. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഗുരുകുലങ്ങളും മതപാഠശാലകളും വിഹാരങ്ങളും കളരികളും ആശ്രമങ്ങളും ഒക്കെയായി നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ പൊതു വിദ്യാലയങ്ങള്‍,CBSE, NCERT, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, ICICIവിദ്യാലയങ്ങള്‍,Aided,Unaided, Public, Self Finance, ന്യൂനപക്ഷ വിദ്യാലയങ്ങള്‍ എന്നിങ്ങനെ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും പാഠ്യപദ്ധതിയിലും ബോധന മാധ്യമത്തിലും ബോധനരീതിയിലും വൈവിധ്യം പുലര്‍ത്തുന്ന വ്യത്യസ്ത അക്കാദമികവര്‍ഗ്ഗങ്ങളേയും ജാതിമതങ്ങളേയും പ്രതിനിധാനം
ചെയ്യുന്ന വര്‍ത്തമാനകാല വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ എന്നെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധാനം അവകാശപ്പെടാന്‍ സാധിക്കുമോ? പ്രാപ്യതയില്‍ ലഭ്യതയില്‍ പൊതുസമൂഹ ത്തോട് ഇവ തുല്യത പുലര്‍ത്തുന്നുണ്ടോ? ഇത്തരം സ്ഥാപനങ്ങളിലെ വ്യത്യസ്തപൗരത്വ
നിര്‍മ്മിതികള്‍ ദേശീയമോ അന്തര്‍ദേശീയമോ മാനവികമോ ആയ വികാരങ്ങളേയും മൂല്യങ്ങളേയും എത്രമാത്രം സ്വാംശീകരിച്ചിരിക്കും. ഏകതയുടെ സാക്ഷാത്കാരമാണോ ശൈഥില്യമാണോ ആത്യന്തികമായ ഫലം.
പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അല്‍പ്പമെങ്കിലും അവകാശപ്പെടാന്‍ സാധിക്കുക പൊതുവിദ്യാലയങ്ങള്‍ക്കായിരിക്കും. ഈ പൊതുവിദ്യാലയങ്ങളും അവിടത്തെ പാഠ്യപദ്ധതിയും വിവിധ ഗോത്രവര്‍ഗ്ഗങ്ങളേയും പിന്നാക്കസമൂഹങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നുണ്ടേ?സ്വന്തം സംസ്‌കാരം പ്രതിഫലിക്കാത്ത, സ്വന്തം ഭാഷയില്‍ സംസാരിക്കാത്ത പാഠ്യപദ്ധതിയും പാഠപുസ്തകവും നിലനില്‍ക്കെ ഏകതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൃത്യമായ വിവേചനത്തിന്റേയും അനീതിയുടേയും അംശങ്ങള്‍ നില നില്‍ക്കുക തന്നെ ചെയ്യും.ഈയൊരു പ്രശ്‌നത്തെ കൂടുതല്‍ വ്യക്തമാക്കാന്‍ നമുക്ക് ദേശം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ സങ്കല്‍പനങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
2. ദേശം, ദേശരാഷ്ട്രം, ദേശീയത
സ്വന്തമായി ഭാഷയും നിയമങ്ങളും ആചാരങ്ങളും സ്വഭാവവിശേഷണങ്ങളുമുള്ള
ജനസമൂഹം എന്നാണ് ദേശത്തിന് നല്‍കിയിട്ടുള്ള പഴയൊരു നിര്‍വചനം. വ്യാപക സ്വീകാര്യതയുള്ള പ്രൗഢസംസ്‌കാരത്തിന്റെ അതിര്‍ത്തികള്‍ രാഷ്ട്രീയാതിര്‍ത്തികളായി മാറിയാണ് ദേശരാഷ്ട്രം (nation State)ഉടലെടുക്കുന്നതെന്ന് ഗെല്‍നര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ പ്രൗഢസംസ്‌കാരത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് ദേശരാഷ്ട്രരൂപീകരണത്തിലെ പ്രധാനഘട്ടം. മുഖ്യഭാഷയും സംസ്‌കാരവും ഉപഭാഷകളുടേയും സംസ്‌കാരങ്ങളുടേയും മേല്‍ അധീശത്വം സ്ഥാപിക്കുകയും അവയെ തമസ്‌ക്കരിക്കുകയും ചെയ്യും. സംസ്‌കാരത്തിന്റെ ഭാഷയുടെ മാനകീകരണ പ്രക്രിയയില്‍ ധാരാളം ഉപസംസ്‌കാരങ്ങളും ഭാഷയും തമസ്‌ക്കരിക്കപ്പെടുന്നുണ്ട്. ഭരണകൂടവും പ്രൗഢസംസ്‌കാരവും തമ്മിലുള്ള ലയനമാണ് ദേശരാഷ്ട്രമെന്ന് ഗല്‍നര്‍ ഉറപ്പിച്ചു പറയുമ്പോള്‍ ദേശരാഷ്ട്രത്തിനകത്ത് വിദ്യാഭ്യാസം നിര്‍വഹിക്കേണ്ട ദൗത്യമെന്താണെന്നുകൂടി വ്യക്തമാണ്. 'വൈവിധ്യത്തിലാണ് ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നതെന്ന് ഇളം തലമുറയെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമായിരിക്കുന്നു' എന്ന് ആന്‍ജലോ പറയുന്നു. അത്തരം ഒരു ചിന്ത സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തയാണ്, ചര്‍ച്ചയാണ്.
3. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം
ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ജനാധിപത്യ പൗരന്റെ (Democratic Citizen) നിര്‍മ്മിതിയും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ കമ്മ്യൂണിസ്റ്റ് പൗരന്റെ അതായത് വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗബോധവും സമത്വബോധവുമുള്ള പൗരന്റെ നിര്‍മ്മിതിയും മുതലാളിത്ത രാഷ്ട്രത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും കഴിവുകള്‍ക്കും പ്രാധാന്യമുള്ള മത്സരിക്കാന്‍ ശേഷിയുള്ള പൗരന്റെ നിര്‍മ്മിതിയാണെന്ന് സാമാന്യമായി പറയാം. ഇതാകട്ടെ രാഷ്ട്രത്തിന്റെ ദേശീയമായ ഏകത്വമെന്ന ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതോ സമന്വയിക്കുന്നതോ ആണ്. എന്നാല്‍ സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ഭരണകൂടത്തിന്റെപിന്തുണയുള്ള പ്രൗഢസംസ്‌കാരത്തില്‍ പങ്കാളിയാവാനുള്ളചവിട്ടുപടിയാണ്. ദേശരാഷ്ട്രത്തിന്റെ ബഹുസ്വരതയും ബഹുദേശീയതയും വംശവര്‍ഗ്ഗവൈവിധ്യങ്ങളും രാഷ്ട്രീയമായി ദേശീയതയെന്ന സാങ്കല്പിക വികാരത്തില്‍ സമന്വയിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന്റെരാഷ്ട്രീയമാണ്. പ്രൗഢസംസ്‌കാരത്തിന്റെ മേല്‍ക്കോയ്മയാണ് മാനകീകരണമാണ് പാഠ്യപദ്ധതികള്‍ ഉറപ്പുവരുത്തുന്നത്. ഓണം കേരളത്തിന്റെ ദേശീയാഘോഷമായിമാറുന്നത് അങ്ങനെയാണ്. പൊതുവായ സാംസ്‌കാരിക ഘടകങ്ങളായ ഭാഷ, മതം, ആചാരങ്ങള്‍ രാഷ്ട്രസത്തയുടെഅടയാളമായി ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ വിദ്യാഭ്യാസവും മുഖ്യധാരാമാധ്യമങ്ങളും പ്രധാനപങ്കുവഹിക്കുന്നു. പൊതുഘടകങ്ങള്‍ സ്വാഭാവകമായി ഉരുത്തിരിയുന്നതല്ല. പ്രബല വിഭാഗങ്ങള്‍ മറ്റു വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. സാംസ്‌കാരികരാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണ രൂപമാണ് ദേശീയത. കീഴാളര്‍ക്ക് സ്വയം സംസാരിക്കാനുള്ളശേഷി ഇല്ലാത്തതിനാല്‍ പ്രതിനിധാനവ്യവസ്ഥകളില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഫോക്‌ലോര്‍ എപ്പോഴും വരേണ്യദേശീയതക്ക് പുറത്താവുന്നത് അങ്ങനെയാണ്. ഇന്ത്യന്‍ ദേശരാഷ്ട്രം ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യമോഹങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഇതിന്റെ ഫലമായി ദേശരാഷ്ട്രത്തിന്റെ യുക്തികളെ പ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നു.((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ് .കോട്ടയം..2001.p94-95) വൈകാരികത അസഹിഷ്ണുത, സംഘടിതശക്തിയുടെ ദുരുപയോഗം, അഹങ്കാരം മുതലായവ ദേശീയതയുടെ വ്യവഹാരങ്ങളിലുണ്ടെന്ന് ടോംനയില്‍ 1978-ലെ പറഞ്ഞുവച്ചിട്ടുണ്ട്.
എല്ലാസംസ്‌കാരങ്ങള്‍ക്കും ഭരണകൂടപിന്തുണയില്ലാത്തതിനാല്‍ പല ഉപസംസ്‌കാരങ്ങളും വംശിമങ്ങളും ഈ പ്രക്രിയയില്‍ പുറന്തള്ളപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ തമസ്‌ക്കരിക്കപ്പെടുകയോ ചെയ്യും.രാജ്യത്തെ പല ഭാഷകളില്‍ ഒന്നുമാത്രം ദേശഭാഷയാവുമ്പോഴും സംഭവിക്കുന്നതിതാണ്. സംസ്‌കാരത്തിന്റെ അധികാരം ഇങ്ങനെയാണ് അധികാരത്തിന്റെ സംസ്‌കാരമായി മാറുന്നത്. ഇത്തരം ഔദ്യോഗികദേശീയതയുടെ വ്യവഹാരങ്ങളാണ് ഏകത്വത്തിന് എതിരായ വര്‍ഗീയതയുടെ അക്രമാസക്തമായഅന്യത്വങ്ങളെ ഉത്പാദിപ്പിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ യുക്തികളെപ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നതിന്റെ കാരണമിതാണ്. ((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ്.കോട്ടയം.2001)അധികാരത്തില്‍ പ്രാതിനിധ്യവും അവസരങ്ങളില്‍ തുല്യതയും ജനാധിപത്യ പരമായ പങ്കാളിത്തവുമുണ്ടാവുമ്പോഴാണ് ഏകതയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും സാക്ഷാത്കരിക്കാനാവുക. അതുകൊണ്ടാണ് മാവേലി നാടുവാണീടുംകാലം വിനിമയം ചെയ്യുന്ന പാഠം. ഏകത്വമെന്നത് നീതിയുടെ ഉല്പന്നമാണെന്ന് നാം തുടക്കത്തിലേ പറഞ്ഞു വച്ചത്. നാഗരികതകള്‍ അളക്കപ്പെടേണ്ടത് അതിന്റെ വൈവിധ്യത്തിന്റെ തോതുകൊണ്ടും അത് നിലനിര്‍ത്തിയ ഏകതയുടെ തോതുകൊണ്ടുമാണെന്ന W.H. ഓഡന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
അമിതമായ ദേശീയത അപകടമാവുന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഹിറ്റ്‌ലറും, നെപ്പോളിയനും. മാനവികതയുടെ വിശാലഭൂമികയില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ ദേശീയത 'എന്റെ രാജ്യം' എന്നത് സങ്കുചിതവും സ്വാര്‍ത്ഥതല്‍പരവുമാണ്.'ലോകം എന്റെ രാജ്യമാണ്, മുഴുവന്‍ മനുഷ്യരും എന്റെ സഹോദരന്മാരാണ്, നന്മ ചെയ്യുകയാണ് എന്റെ മതം'എന്നു പറയുമ്പോള്‍ തോമസ് പൈനെയുടെ നിലപാട് വളരെ വ്യക്തമാണ്. വസുദൈവകുടുംബകമെന്ന മഹത്തായ ആര്‍ഷഭാരതസങ്കല്പത്തിന് വിരുദ്ധവുമാണത്. എന്നാല്‍ ദേശരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ദേശീയതയെ ജ്വലിപ്പിച്ചു നിര്‍ത്തികൊണ്ടുമാത്രമേ രാഷ്ട്രീയമായി നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയമായശരികള്‍ എപ്പോഴും നൈതികമായശരികള്‍ ആയിക്കൊള്ളണമെന്നില്ല. സ്വതന്ത്രഇന്ത്യയെ രാഷ്ട്രീയമായി നിര്‍മ്മിച്ചെടുത്ത നേതാക്കള്‍ ദേശീയമായി കൊണ്ടാടുന്നത് രാഷ്ട്രീയമായ ശരികൊണ്ടാണ്. നിര്‍മ്മാണരീതിയേയും അതിനവലംബിച്ച മാര്‍ഗ്ഗങ്ങളേയും നിഷ്പക്ഷമായി വിലയിരുത്തുമ്പോഴാണ് അത് ധാര്‍മ്മികമായി ശരിയായിരുന്നുവോ എന്ന് വിലയിരുത്തുവാന്‍ കഴിയുക. അമേരിക്ക-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് പട്ടാളക്കാരെ ജീവനോടെ മണലില്‍ കുഴിച്ചുമൂടിയ സൈനികഓഫീസറെ അമേരിക്കന്‍സര്‍ക്കാര്‍ ബഹുമതികള്‍ നല്‍കി ആദരിക്കുന്നത് രാഷ്ട്രീയമായശരിയില്‍ നിന്നുകൊണ്ടാണ്. സാര്‍വലൗകികമായമാനവികതയ്ക്കും, മൂല്യങ്ങള്‍ക്കും ദേശീയ വികാരങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കണം.
ദളിതുകള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസം പരമാവധി പ്രോല്‍സാഹിക്കപ്പെടണം. അറിവ് ആയുധമാണ്. അതുനേടിയാലേ ജനാധിപത്യരാജ്യത്ത് അതിനെ ആയുധമാക്കിക്കൊണ്ട് അധികാരത്തില്‍ പ്രാതിനിധ്യം നേടാനാവൂ. അസമത്വത്തേയും വിവേചനത്തേയും പ്രതിരോധിക്കാനാവൂ. സാര്‍വലൗകികമായ മാനവികമൂല്യങ്ങളിലധിഷ്ഠിതമായ പൗരത്വനിര്‍മ്മിതിയും അതിലൂടെ സാധ്യമാവുന്ന ദേശീയനേതൃത്വവുമാണ് യുദ്ധതാല്പര്യങ്ങളില്ലാത്ത, രാജ്യത്തിന്റെ വിഭവങ്ങള്‍ അതിന്റെ പ്രജകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യുന്ന, മാനുഷരെ ഒന്നായിക്കാണാന്‍ കഴിയുന്ന മാവേലിയുടെ ദേശരാഷ്ട്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്തമാവുക,'ദേശങ്ങളില്ല ഉള്ളത് മാനവികതയാണ്. ഈ സത്യം ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ ദേശങ്ങളില്ലാതാവും. കാരണം മാനവികതയില്ലാത്തതിനാല്‍' ഐസക് അസിമാവിന്റെ ഈ നിരീക്ഷണം പ്രസക്തമാവുന്നത് ഇതിനാലാണ്.
4. വിപണിയുടെ ഏകത
അനൗപചാരികമായും എന്നാല്‍ വളരെ ശക്തമായും സാങ്കേതികവിദ്യയും നവമാധ്യമങ്ങളും വിപണിയും ചേര്‍ന്ന് ആഗോളീകരണ ഉദാരീകരണ സമീപനങ്ങളുടെ സൗകര്യങ്ങളിലൂടെ മധ്യവര്‍ഗ ജീവിതബോധത്തിലധിഷ്ഠിതമായ വരേണ്യമായ ഒരേകത്വമുണ്ടാക്കുന്നുണ്ടെന്നത് വസ്തുതയാണ്. കമ്പോളം ലോകത്തെ ഗ്രാമമാക്കി ചുരുക്കി കൈവെള്ളയിലേക്കു കൊണ്ടുവരുന്നത് വിപണി താല്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും ദാഹിക്കുന്നവന് കോളയും വിശക്കുന്നവന് ന്യൂഡില്‍സും ലഭ്യമാക്കുന്നത് അങ്ങനെ ചിന്തിപ്പിക്കുന്നത് ഉല്പന്നത്തെ ലോകമാസകലം/ആഗോളമായി വിറ്റഴിക്കാന്‍വേണ്ടി മാത്രമാണെന്ന് നമുക്കറിയാം. പക്ഷെ അതിന്റെ പ്രത്യാഘാതമെന്നുപറയുന്നത് പരമ്പരാഗതമായ, തനതായ, നാടിനിണങ്ങിയ, പ്രകൃതിക്കിണങ്ങിയ,ആരോഗ്യത്തിനിണങ്ങിയ വൈവിധ്യമാര്‍ന്ന പാനീയങ്ങളും രുചി വൈവിധ്യമാര്‍ന്ന ആഹാരങ്ങളും ഇല്ലാതാകുന്നതിനാലാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ ഹോട്ടലിലെ മെനു ദേശവ്യാപകമായി ഏകീകരിക്കപ്പെട്ടു കഴിഞ്ഞു. ചിലപ്പോള്‍ അന്തര്‍ദേശീയമായും. തനത്‌സംസ്‌കാരങ്ങളുടേയും വൈവിധ്യങ്ങളുടേയും മേല്‍വരുന്ന അധിനിവേശത്തിന്റേതായ ഏകധ്രുവമായ ആ ഏകതയെ പ്രതിരോധിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം.
5. ഏകതയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിലൂടെ ഏകത സാധ്യമാകണമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെ രീതിയും സ്വഭാവവും എന്തായിരിക്കണമെന്നുകൂടി പറയേണ്ടതുണ്ട്. അത്തരമൊരു വിദ്യഭ്യാസ സമ്പ്രദായം വളരെ flexible ആയിരിക്കണം, വീട്ടുഭാഷയും വിദ്യാലയഭാഷയും കഴിയുന്നിടത്തോളം ഒന്നായാല്‍ അത്രയും നല്ലത്. പ്രാകൃതമെന്നോ സ്‌ത്രൈണമെന്നോ പറഞ്ഞ് മാറ്റിനിര്‍ത്തുന്ന ഉപസംസ്‌കാരങ്ങളെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളണം. ഗോത്രഭാഷകളില്‍ സംവദിക്കുന പാഠപുസ്തകങ്ങള്‍ വരണം. Adapted Text books ഉം Local text നും അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണം. വിമര്‍ശനാത്മക ചിന്തയെ പാഠ്യപദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായി അംഗീകരിക്കണം. ഭരണകുടത്തിന്റെരാഷ്ട്രീയത്തേയും വിദ്യാഭ്യാസത്തിലെ രാഷ്ട്രീയത്തേയും ദേശിയതയുടെ യുക്തിയേയും അയുക്തിയേയും സത്യസന്ധമായി വിലയിരുത്താന്‍ അതിജീവിക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ . അമേരിക്കയുടെ അന്ധമായ ദേശീയബോധത്തില്‍നിന്ന് സ്വതന്ത്രമായി സ്വന്തം രാജ്യത്തിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിക്കാനും തുറന്നുകാണിക്കാനും നോംചോംസ്‌കിക്ക് സാധിക്കുന്നത് ഇത്തരം ചിന്തയുടെ ഫലമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും ഭിന്നിപ്പിച്ചും ഭരിച്ചതിന്റെ തുടര്‍ച്ചയായി സ്വതന്ത്രഇന്ത്യയിലും ഭരണകൂടങ്ങള്‍ ചരിത്രത്തെ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാഠ്യപദ്ധതിക്കുമേല്‍ സമൂഹജാഗ്രത ഉണ്ടാവണം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം നിശ്ചയിക്കാനുള്ളഅധികാരം സ്വകാര്യസ്വാശ്രയസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. വിദ്യാഭ്യാസത്തിന്റെ മതേതരത്വവും ശാസ്ത്രീയതയും നിലനിര്‍ത്തണം. കോത്താരി കമ്മീഷന്‍ കോമണ്‍ സ്‌കൂളുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞതാണ്. പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണം. ജാതിമതസംഘടനകള്‍ വിദ്യാഭ്യാസത്തെ പകുത്തെടുക്കുന്നത് ഏകതയ്ക്ക് വിഘാതമാണ്.
6. ഏകതയും അന്താരാഷ്ട്ര സംഘടനകളും
ആഗോള സമൂഹത്തിലെ വിശ്വമാനവസങ്കല്പത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകള്‍ എന്തുപറയുന്നു എന്നു നോക്കാം. യുനെസ്‌കോയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ Dr. Water H.B. Lewis അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നത് 'ലോകത്തിലെ മുഴുവന്‍ജനങ്ങളുടേയും ഉത്കര്‍ഷേച്ഛയേയും മൂല്യങ്ങളേയും ജിവിതരീതികളേയും കുറിച്ച് ധാരണയുണ്ടാക്കുക എന്നതാണ് അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തില്‍ നമുക്ക് ചെയ്യാനുള്ളത്. ഈ ഭൂമുഖത്ത് ഒന്നായിജീവിക്കാനുള്ള ഉപാധികളെക്കുറിച്ചുള്ള ധാരണയെയും ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കണം. ഈ അര്‍ത്ഥത്തില്‍ Understanding എന്നത് നമ്മുടെ ജീവിത രീതികള്‍ എന്നതുപോലെ മറ്റുള്ളവരുടെ ജീവിതരീതികളേയും കുറിച്ചുള്ള ഗ്രാഹ്യമാണ്. ചുരുക്കത്തില്‍ അന്താരാഷ്ട്രധാരണ എന്നത് ലോകത്തെവിടേയുമുള്ള മനുഷ്യരുടെപെരുമാറ്റത്തെ അവരുള്‍ക്കൊള്ളുന്നദേശീയതയ്ക്കും സംസ്‌കാരത്തിനും അതീതമായി പരസ്പരം വിലമതിക്കാനും വസ്തുനിഷ്ഠമായും വിമര്‍ശനാത്മകമായും നിരീക്ഷിക്കാനുമുള്ള കഴിവാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തിക്ക് തന്റെതന്നെ സവിശേഷമായ സാംസ്‌കാരികവും ദേശീയവുമായ മുന്‍വിധികളില്‍നിന്ന് മുക്തമാവാനും എല്ലാ ദേശീയതയിലും സംസ്‌കാരത്തിലും വര്‍ഗ്ഗത്തിലുംപ്പെട്ടമനുഷ്യരെ ഭൂമിയിലെനിവാസികളായ മനുഷ്യ വര്‍ഗ്ഗത്തിന്റെ വൈവിധ്യങ്ങളായി നിരീക്ഷിക്കാനുള്ള കഴിവുണ്ടാവും' എന്നിങ്ങനെയാണ്. തന്റെ രാജ്യം മറ്റു രാജ്യങ്ങളേക്കാള്‍ മഹത്തരമാണെന്നത് രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള തെറ്റായപാഠമാണ്. തന്റെരാജ്യംപോലെ മഹത്തരമാണ് മറ്റുരാജ്യങ്ങളുമെന്ന ശരിയായ പാഠത്തിനുവേണ്ടിയുള്ളതാകണം വിദ്യാഭ്യാസം. നാം ഒരാളെ അന്യനായി കാണുന്നുവോ സഹോദരനായി കാണുന്നുവോ എന്നത് നമ്മളാര്‍ജ്ജിച്ച മൂല്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പാകിസ്ഥാനിലെ സ്‌കൂള്‍വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായ് താലിബാന്റെ വെടിയുണ്ടയ്ക്കിരയായപ്പോള്‍ നമ്മുടെ മനസ്സ് നൊമ്പരപ്പെടുന്നതും അവര്‍ക്കായി പ്രാര്‍ ത്ഥിക്കുന്നതും, ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ മാര്‍ക്കോസിന്റെ മരണം നമ്മുടെ പ്രിയപ്പെട്ടവന്റെ മരണമാവുന്നതും രാഷ്ട്രീയാതിര്‍ത്തിക്കപ്പുറമുള്ള ഹൃദയത്തിന്റെ ഏകത കൊണ്ടാണ്. UNESCO യുടെ preamble ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'സമാധാനത്തിനെതിരായ എതിര്‍വാദങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും യുദ്ധങ്ങള്‍ ആരംഭിക്കുന്നതും മനുഷ്യമനസ്സിലാണ്. മനുഷ്യന്റെ അന്തസ്സിന് സമാധാനവും സ്വാതന്ത്ര്യവും നീതിയും ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണെന്നതിനാല്‍ സംസ്‌കാരത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഉത്തരവാദിത്വത്തിന്റേയും പരസ്പരസഹവര്‍ത്തിത്വത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട് എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും പൂ ര്‍ത്തീകരിക്കേണ്ട വിശുദ്ധകര്‍മ്മമാണ്' ദലൈലാമയുടെ വാക്കുകള്‍കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. 'ലോകശാന്തി കൈവരിക്കാനുള്ള ആദ്യചുവട് ആത്മശാന്തി നേടലാണ്.അതെങ്ങനെ നേടും?വളരെ ലളിതമാണത്. ഓരോ രാജ്യത്തെ മനുഷ്യനും ഒരു കുടുംബത്തിലെ അംഗമാണെന്നും മനുഷ്യ വര്‍ഗ്ഗം ഒന്നാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞാല്‍ മതി'.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ