2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

API യും CAS ഉം - മത്സരാധിഷ്ഠിത കമ്പോള വ്യവസ്ഥിതിയുടെ ഉല്പന്നങ്ങള്‍

ലാഭനഷ്ടങ്ങളിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രം ആഗോളികരണ കാലത്ത് സമസ്ത മേഖലകളേയും ബാധിച്ചു തുടങ്ങിയതിന്റെ ഭാഗമായി മാത്രമേ UGC യുടെയും സംസ്ഥാന സര്‍ക്കാരിന്റെയും API ഉം CAS നേയും കാണാന്‍ കഴിയൂ. നിലനില്‍പും അതിജീവനവും വ്യക്തിയുടെ മാത്രം ബാദ്ധ്യതയും ഉത്തരവാദിത്തവുമായി പരിഗണിക്കുന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്റെ അടിസ്ഥാന സമീപനത്തെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. സേവന മേഖലകളുടെ പ്രത്യേകിച്ച് അധ്യാപനമേഖലയുടെ നൈതികതയെ, Professional Ethics നെ തീര്‍ത്തും അവഗണിച്ച് പരസ്പര മത്സരത്തിനുള്ള തുറന്ന വിപണിയായി കലാലയ അന്തരീക്ഷത്തെ മാറ്റി പൊതുമണ്ഡലത്തിന്റെ അവശേഷിക്കുന്ന നന്മകളെ, ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരത്തെ, അപകടത്തിലാക്കാനുള്ള പ്രവണത മുളയിലേ നുള്ളേണ്ടതുണ്ട്. സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളൂടെയും സഹകരണത്തിന്റെയും ഉദാത്തമായ പ്രവര്‍ത്തന സംസ്‌കാരത്തിനു മുകളില്‍ വ്യക്തി കേന്ദ്രീകൃതവും സ്വാര്‍ത്ഥതാല്‍പരവുമായ പരസ്പര മത്സരത്തെ പ്രതിഷ്ഠിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നതിനു പിന്നിലുള്ള താല്‍പര്യങ്ങള്‍ വിചാരണ ചെയ്യേണ്ടതുണ്ട്. സാമൂഹികമായ പ്രവര്‍ത്തങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും സാമൂഹീകരണ പ്രക്രിയയേയും സാമൂഹിക ഗുണങ്ങളുടെ സ്വാംശീകരണത്തേയും വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും ഗുണങ്ങളായി കണ്ട രീതി ശാസ്ത്രത്തെ തലകീഴായി മിറച്ച് സമൂഹത്തിനു മുകളില്‍ വ്യക്തിയെ പ്രതിഷ്ഠിച്ച് വ്യക്തിപരമായ നേട്ടങ്ങളെ തൊഴില്‍പരമായ അഭിവൃദ്ധിയായി വ്യാഖ്യാനിക്കുന്നത് പ്രത്യക്ഷത്തില്‍ നിസ്സാരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മാനവിക മൂല്യബോധത്തിന്റെയും തലകീഴായ മറിച്ചിടലാണ്. അതിലൂടെ സ്ഥാപിക്കുന്നതും വളര്‍ത്തുന്നതും മുതലാളിത്ത മനഃസ്ഥിതിയെയാണ്.
സെമസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നത് സാമൂഹികമായ ഇടപെടലുകളിലൂടെ അിറവു നിര്‍മ്മിക്കപ്പെടുന്ന സാമൂഹിക ജ്ഞാന നിര്‍മ്മിതിയുടെ രീതിശാസ്ത്രം ഫലപ്രദമായി നടപ്പാക്കാനാണ്. സഹകരണാത്മകവും സഹവര്‍ത്തിത (Co-operative and Collaborative)വുമായ പഠനങ്ങള്‍ക്ക് അവസരമൊരുക്കി ക്ലാസ്മുറിയെ സാമൂഹിക ഇടപെടലിലൂടെ അറിവു നിര്‍മ്മിക്കാനുള്ള തലമായി മാറ്റുന്ന അധ്യാപകന്‍ അത്തരം പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെയ്യുന്നത് അത്തരം മൂല്യങ്ങള്‍ സ്വയം ആര്‍ജിച്ചും സ്വാംശീകരിച്ചുമാണ്. ഈ രീതിശാസ്ത്രത്തിന് തീര്‍ത്തും കടകവിരുദ്ധമാണ് നിലവിലെ API Score. സഹപ്രവര്‍ത്തകരുമായി മാത്സര്യത്തിലേര്‍പ്പെടുന്നതിനും അതില്‍ വിജിയിക്കുക വഴി കരഗതമാവുന്ന ഉയര്‍ന്ന സ്‌കോര്‍ ദുരഭിമാനത്തിനുള്ള സൂചകമാവുകയും ചെയ്യുന്നതു വഴിയുണ്ടാകുന്ന വൈരുദ്ധ്യത്തിനും പൊരുത്തക്കേടിനും അധ്യാപകര്‍ ഇരകളാവും. സെമസ്റ്റര്‍ സമ്പ്രദായം മുന്നോട്ടു വെക്കുന്ന പഠന ബോധന സമീപനത്തിന് വിരുദ്ധമായ ഈ അധ്യാപക വിലയിരുത്തല്‍ സൂചകങ്ങള്‍ അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണ്.
API അധ്യാപക പ്രകടനത്തെ വിലയിരുത്തുന്ന സൂചക (Academic Performance Index)മാണെന്ന അവകാശവാദത്തെ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണമായി കാറ്റഗറി രണ്ടിലെ (Co-curricular, Extension and Professional development related activities) സൂചകങ്ങള്‍ അളക്കുന്നത് അധ്യാപകനെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നു എന്നാണ്. അല്ലാതെ ആ ചുമതല അയാള്‍ എങ്ങനെ നിര്‍വഹിക്കുന്നു എന്നല്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഫിലിം ക്ലബ്ബിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നയാള്‍ക്ക് സ്‌കോറുണ്ട്. ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം API വിലയിരുത്തുന്നത് പ്രകടനത്തെയല്ല സ്ഥാനപ്പേരുകളെയാണ്. വിവിധ മണ്ഡലങ്ങളില്‍ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങളും നേട്ടങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ അധ്യാപകന്റെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്ന സൂചകങ്ങള്‍.
അധ്യാപകന്‍ എന്നത് ഒരു input ആണ്. അവന്റെ പ്രകടനത്തിന്റെ മികവിനെ പ്രതിഫലിപ്പിക്കുന്ന output എന്നത് കുട്ടികളുടെ പുരോഗതിയും മികവുമാണ്. അതുണ്ടാകുന്നത് അധ്യാപകന്‍ വഹിക്കുന്ന സ്ഥാനപ്പേരുകളില്‍ നിന്നല്ല, ഫീല്‍ഡിലെ പ്രകടനത്തില്‍ നിന്നാണ്.
ഒരു പൊതു സൂചകം കൊണ്ട് ഒരു സമൂഹത്തെ വിലയിരുത്താന്‍ പുറപ്പെടണമെങ്കില്‍ അതിലെ മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ബാധകമാവുന്നതാവണം. പോളിടെക്‌നിക്കുകള്‍, ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങള്‍, എഞ്ചിനിയറിംഗ് കോളേജുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിങ്ങനെ പാഠ്യവസ്തുവിലും പഠനരീതിയിലും സ്വഭാവത്തിലും നൈപുണികളിലും വൈദഗ്ദ്ധ്യത്തിലും വൈവിധ്യം പുലര്‍ത്തുന്ന തീര്‍ത്തും വ്യത്യസ്തമായ മുഴുവന്‍ സ്ഥാപനങ്ങളിലേയും അധ്യാപകരെ ഒരേ സൂചകങ്ങള്‍ കൊണ്ട് വിലയിരുത്താന്‍ പുറപ്പെടുന്നതിലെ അസംബന്ധവും അശാസ്ത്രീയതയും കാണാതെ പോവുന്നത് മതിയായ പഠനങ്ങള്‍ കൂടാതെ Grass root level ല്‍ ചര്‍ച്ചയ്ക്കു വിധേയമാക്കാതെ ആരുടെയെങ്കിലും കുബുദ്ധികളെ താഴോട്ട് ധൃതി പിടിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ലേ! ഇന്ത്യന്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് എവിടെയാണ് ഇന്റര്‍നാഷണല്‍ സെമിനാറിന്റെയും ഇന്റര്‍നാഷണല്‍ ജേണലിന്റെയും സാദ്ധ്യതകള്‍? ദേശീയ സെമിനാറിനും ജേണലിനും പോലും സാദ്ധ്യതയില്ലാത്ത വിഷയങ്ങളും നമുക്കുണ്ട്. അവസരങ്ങളില്‍ തുല്യതയില്ലാത്തിടത്തോളം അഥവാ അവസരസമത്വം ഇല്ലാത്തിടത്തോളം അത്തരം കാര്യങ്ങള്‍ മാനദണ്ഡമായി വരുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വത്തിന്റെയും തൊഴില്‍പരമായ വിവേചനത്തിനെതിരായ നിയമത്തിന്റെയും ലംഘനമാണ്.
NSS, NCC തുടങ്ങയവയും വിവിധതരം ക്ലബ്ബുകളും കലാലയങ്ങളില്‍ ക്രിയാത്മകമായി നിലകൊള്ളുന്നത് അതിനോട് താല്‍പര്യവും ആത്മാര്‍ത്ഥതയും കൂറും ഉള്ള അധ്യാപകര്‍ ആ ചുമതല വളരെ നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നത് കൊണ്ടാണ് API സ്‌കോര്‍ നടപ്പിലാവുമ്പോള്‍ സ്‌കോറില്‍ തല്‍പരരും ക്ലബ്ബ് പ്രവര്‍ത്തനങ്ങളോട് താല്‍പര്യവുമില്ലാത്തവര്‍ സ്ഥാനപ്പേരിനു വേണ്ടി മാത്രം ചുമതലയേല്‍ക്കുമ്പോള്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഞെങ്ങിഞെരുങ്ങി കഴിയുന്ന ഇവയുടെ പൂര്‍ണ്ണമായ പതനം തന്നെയായിരിക്കും ഫലം. പൊതുമണ്ഡലത്തിലെ അവശേഷിക്കുന്ന വെളിച്ചങ്ങളെ തല്ലിക്കെടുത്താന്‍ അവതരിച്ച ഈ വിലയിരുത്തല്‍ രീതി പാടേ തള്ളക്കളയേണ്ടതാണ്. അല്ലെങ്കില്‍ സമൂലാഗ്രം അഴിച്ചുപണിയേണ്ടതാണ്.
സംസ്ഥാനത്തെ കലാലയങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന സംരംഭങ്ങളായ ASAP, WWS, FLAIR തുടങ്ങിയവയുടെ ചുമതലകള്‍ വഹിക്കുന്ന വിരലിലെണ്ണാവുന്ന സംസ്ഥാന ഭാരവാഹികള്‍ക്ക് മൂന്ന് കാറ്റഗറിയിലേയും സൂചകങ്ങളേക്കാള്‍ ഭീമമായ സ്‌കോറുകള്‍ നല്‍കിയിരിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കരടു രേഖയില്‍ പറഞ്ഞിരിക്കുന്ന പൊതു ഉദ്ദേശ്യങ്ങളും പ്രക്രിയകളും നയവും പരസ്പരം ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു കാണാം. Community service എന്നത് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതല്ലാതെ അതൊരു നയമോ ലക്ഷ്യമോ ആകുന്നില്ല. സൂചകത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുമില്ല. സ്ഥാപനത്തിന്റെ വികസനത്തിനു പ്രയാസം സൃഷ്ടിക്കുന്ന തടസ്സങ്ങളെ തിരിച്ചറിയാന്‍ അവസരമൊരുക്കുമെന്ന് പൊതു ഉദ്ദേശ്യത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നതല്ലാതെ അതിനുള്ള പ്രക്രിയകള്‍ ഇല്ല. HOD മാരോട് നല്‍കാന്‍ ആവശ്യപ്പെടുന്നത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ്. അത്തരമൊരു റിപ്പോര്‍ട്ടില്‍ കോളേജിന്റെ വികസനത്തിന് തടസ്സം നില്ക്കുന്ന ഘടകങ്ങളുണ്ടാവില്ല. തടസ്സങ്ങള്‍ മറികടന്ന് സ്ഥാപനത്തിന് സുസ്ഥിരമായ വികസനം സാദ്ധ്യമാകണമെങ്കില്‍ നിര്‍വ്വഹിക്കേണ്ട പ്രക്രിയകള്‍ ഇതല്ല. മികവുകളും പരിമിതികളും സ്വയം വിമര്‍ശനപരമായി വകുപ്പുതിരിഞ്ഞും കൂട്ടായും ചര്‍ച്ച നടത്തി രേഖപ്പെടുത്തി (പ്രക്രിയകളില്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തമുണ്ടാകണം) അവയ്ക്ക് പ്രശ്‌നത്തിന്റെ ഗൗരവവും സ്വഭാവവും അനുസരിച്ച് മുന്‍ഗണന നിശ്ചയിക്കണം. അത്തരം പരിമിതികള്‍ മറികടക്കാനുള്ള തനതായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമ്പോഴാണ് ഓരോ സ്ഥാപനത്തിന്റെയും ഗുണമേന്മ വര്‍ദ്ധിക്കുകയും സ്ഥാപനം മികവിലേക്കുയരൂകയും ചെയ്യുക. അതല്ലാതെ മൂന്‍വിധികളോ സങ്കല്പങ്ങളോ കമ്പോളതാല്പര്യങ്ങളോ അനുസരിച്ച് ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുകളില്‍ നിന്ന് പദ്ധതികള്‍ നൂതന സംരംഭങ്ങള്‍ എന്ന പേരില്‍ താഴേക്കടിച്ചേല്പ്പിച്ചില്ല.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സ്‌കോറുകള്‍ക്കുവേണ്ടിയുള്ള അഭ്യാസങ്ങളായി അധഃപതിക്കുന്നത് ഉന്നത വിദ്യഭ്യാസ മേഖലയുടെ അടിത്തറയിളക്കും. ഇപ്പോള്‍ സെമിനാറുകളിലും മറ്റും ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകള്‍ അതിന്റെ സൂചനയാണ്. സെമിനാറില്‍ കേള്‍വിക്കാരേക്കാള്‍ കൂടൂതല്‍ പേപ്പര്‍ അവതാരകരുണ്ടാകുന്നു. അവതാരകര്‍ക്കു ലഭിക്കുന്ന സമയം ചുരങ്ങിച്ചുരുങ്ങി 4 മിനിട്ടിലെത്തിയിരിക്കുന്നു.  പേപ്പര്‍ അവതരിപ്പിച്ചാലും ഇല്ലെങ്കിലും പരസ്പര ധാരണയോടെ അവതരിപ്പിച്ചതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. പണം വാങ്ങി പേപ്പര്‍ പ്രസിദ്ധീകരിക്കുന്നവരും മറ്റുള്ളവര്‍ക്കു വേണ്ടി അവരുടെ പേരില്‍ ജേണലുകളില്‍ എഴുതുന്ന കൂലിയെഴുത്തുകാരും രംഗത്തുവന്നിട്ടുള്ളതായി അറിയുന്നു. ഇതിനിടയില്‍ നിന്നു കൊണ്ടുവേണം യഥാര്‍ത്ഥ അക്കാദമിക മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും.
ഇന്റര്‍നാഷണല്‍/നാഷണല്‍ തലത്തിലുള്ള സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിന് അഥവാ ഇന്ത്യക്കു പുറത്തുവെച്ചു നടക്കുന്ന അത്തരം പരിപാടികളില്‍ സംബന്ധിക്കുന്നതിന് സര്‍ക്കാരും വിവിധ ഫണ്ടിംഗ് ഏജന്‍സികളും എത്ര അദ്ധ്യാപകര്‍ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്? അതല്ലങ്കില്‍ നല്ല സാമ്പത്തിക ശേഷിയുള്ള അദ്ധ്യാപകരെയും സ്ഥാപനങ്ങളെയും മാത്രം ഉദ്ദേശിച്ചുള്ളതാണോ ഈ മേഖലയിലെ സ്‌കോര്‍? അദ്ധ്യപകന് സ്വന്തം താല്പര്യപ്രകാരം കലാലയത്തിനു പുറത്തുള്ള പ്രര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ പറ്റുന്ന തരത്തിലാണോ നിലവിലെ ഡ്യൂട്ടിലീവ് വ്യവസ്ഥകള്‍? സ്വന്തം സ്‌കോര്‍ ഉയര്‍ത്താന്‍ സെമിനാറുകള്‍, ശില്പശാലകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, മറ്റു ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയ്ക്കായി അദ്ധ്യപകര്‍ സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കൊഴുകുമ്പോള്‍ അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കേണ്ടി വരിക  കുട്ടികളായിരിക്കില്ലേ? അദ്ധ്യാപകന്റെ വ്യക്തമായ മോണിറ്ററിംഗില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കുട്ടികളുടെ പ്രോജക്ടുകള്‍ക്കും ഡിസര്‍ട്ടേഷനുകള്‍ക്കും ഗുണമേന്മ ആവശ്യമില്ലേ? ഉന്നത വിദ്യഭ്യാസ മേഖലയുടെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് അദ്ധ്യാപകരുടെ സാന്നിദ്ധ്യം സ്വന്തം കലാലയത്തില്‍ ഉറപ്പുവരുത്താനാണ്.
കോളേജദ്ധ്യാപകരുടെ placement / promotion നും നിലവിലുള്ള സമയബന്ധിതമായ അഥവാ സീനിയോറിറ്റി അനുസരിച്ചുള്ള രീതിയെ പൂര്‍ണ്ണമായും നിരാകരിച്ച് അവിടെ APL ഉം CAS ഉം നടപ്പില്‍ വരുത്തുന്നതാണോ അഥവാ നിലവിലെ രീതിയോടൊപ്പം ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന യഥാര്‍ത്ഥ പ്രതിഭാ ശാലികളായ അധ്യാപകരെ ശാസ്ത്രീയമായ വിലയിരുത്തല്‍ സൂചകങ്ങള്‍ക്കൊണ്ട് കണ്ടെത്തി സര്‍വ്വീസ് പരിഗണിക്കാതെ placement ഉം promotion നും നല്‍കി പോത്സാഹിപ്പിക്കുന്ന രീതീയാണോ അഭികാമ്യമെന്ന പുനര്‍വിചിന്തനം അനിവാര്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ